സ്വന്തം ലേഖകൻ
ചെന്പേരി: പതിനായിരങ്ങൾ ജപമാലയേന്തി കാൽനടയായി രാവിനെ പകലാക്കിയ മരിയൻ തീർഥാടനം മലബാറിന്റെ മണ്ണിൽ വീണ്ടും ചരിത്രമെഴുതി. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം എടൂർ, ആലക്കോട് മേഖലകളിൽനിന്ന് ആരംഭിച്ച മരിയൻ തീർഥാടക സംഘങ്ങൾ ഇന്നു പുലർച്ചെയോടെ ചെന്പേരി ലൂർദ്മാതാ ബസിലിക്കയിൽ സംഗമിച്ചു. മലബാറിലെ ഏറ്റവും വലിയ കാൽനട തീർഥാടനത്തിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വിശ്വാസിയാണ് നേതൃത്വം നൽകിയത്.
ആലക്കോട്, വായാട്ടുപറമ്പ്, ചെമ്പേരി, ചെമ്പന്തൊട്ടി, പൈസക്കരി, മണിക്കടവ്, നെല്ലിക്കാംപൊയിൽ, കുന്നോത്ത്, എടൂർ എന്നീ ഫൊറോനകളിലെ ഇടവകകളിൽനിന്നുള്ള തീർഥാടകരടക്കം പതിനായിരങ്ങളാണ് തീർഥാടന സംഗമത്തിൽ എത്തിച്ചേർന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് ചെമ്പേരി ലൂർദ്മാതാ ബസിലിക്കയിലേക്ക് സംഘടിപ്പിക്കുന്ന രണ്ടാമത് മരിയൻ തീർഥാടനമാണിത്.
മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലാണ് എടൂർ സെന്റ് മേരീസ് ആർക്കി എപ്പി സ്കോപ്പൽ പള്ളിയിൽ നിന്ന് തീർഥാടന യാത്ര ആരംഭിച്ചത്. എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പൈസക്കരി, ചെന്പന്തൊട്ടി, ആലക്കോട്, വായാട്ടുപറന്പ് എന്നീ ഫൊറോനകളിൽ നിന്നുള്ള വിശ്വാസികൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് കണ്ണികളായ ആത്മീയയാത്ര ഇന്നു പുലർച്ചെയാണ് ചെന്പേരി ബസലിക്കയിൽ എത്തിച്ചേർന്നത്. പുലർച്ചെ 3.30ന് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. തുടർന്ന് തലശേരി അതിരൂപതയിലെ മുഴുവൻ കുടുംബാംഗങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ചടങ്ങും നടത്തി.
ചെമ്പേരി ഫൊറോനയിലെ തീർഥാടകർ ഇന്നലെ രാത്രി 8.30 ന് ബസിലിക്കയിൽ ഒരുമിച്ച് ചേർന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് രാത്രി 9.30 മുതൽ ആരംഭിച്ച മരിയൻ സന്ധ്യയും അഖണ്ഡ ജപമാലയും തീർഥയാത്ര ബസിലിക്കയിൽ എത്തുന്നതുവരെ തുടർന്നു.സീറോ മലബാർസഭ പിആർഒ റവ. ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ധ്യയ്ക്ക് നേതൃത്വം നൽകി.
ആലക്കോട്, വായാട്ടുപറമ്പ്, പൈസക്കരി, മണിക്കടവ്, നെല്ലിക്കാംപൊയിൽ, കുന്നോത്ത്, എടൂർ എന്നീ ഫൊറോന വികാരിമാരുടെയും ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന്റെയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്. തീർഥാടകർക്ക് ലഘുഭക്ഷണവും മടക്കയാത്രയ്ക്കുള്ള സൗകര്യവും സജ്ജീകരിക്കുകയും തീർഥാടകരെ സഹായിക്കാനായി വോളന്റിയേഴ്സിന്റെ വലിയ സംഘത്തെയും നിയോഗിച്ചിരുന്നു.
എടൂർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽനിന്ന് ആയിരങ്ങളുടെ അകന്പടിയോടെ ആരംഭിച്ച തീർഥാടന യാത്ര കമ്പിനിനിരത്ത്, ആനപ്പന്തി വഴി സെന്റ് ജൂഡ് നഗറിൽ എത്തിയപ്പോൾ കുന്നോത്ത് ഫൊറോനയിൽ നിന്നുള്ളവരും ചേർന്നു. തുടർന്ന് വള്ളിത്തോട്, പെരിങ്കരി വഴി ഉളിക്കലിൽ എത്തിച്ചേർന്നു. ഉളിക്കൽ ഉണ്ണിമിശിഹാ പള്ളിയിലായിരുന്നു അത്താഴം. ഉളിക്കലിൽ വച്ച് നെല്ലിക്കാംപൊയിൽ, മണിക്കടവ് ഫൊറോനകളിൽ നിന്നുള്ള തീർഥാടക സംഘങ്ങളും പങ്കാളികളായി. മുണ്ടാനൂർ, കണ്ടകശേരി, പയ്യാവൂർ വഴിയാണ് ചെന്പേരിയിൽ എത്തിച്ചേർന്നത്.
എടൂരിൽ നിന്ന് ആരംഭിച്ച തീർഥയാത്രയ്ക്ക് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യാൻ പാലാക്കുഴി, റവ.ഡോ.ഫിലിപ്പ് കവിയിൽ, ഫാ. ജോബി കോവാട്ട്, എടൂർ വികാരി ഫാ. തോമസ് വടക്കേമുറിയിൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. പോൾ ചക്കാനിക്കുന്നേൽ, ഫാ. മാർട്ടിൻ കിഴക്കേതലക്കൽ, ഫാ. അലക്സ് നിരപ്പേൽ, ഫാ. മാത്യു മൂന്നാനാൽ, ഫാ. മനോജ് കൊച്ചുപുരയ്ക്കൽ, ഫാ. അഭിലാഷ് ചെല്ലങ്കോട്ട്, ഫാ. ജോസഫ് ഒരപ്പാൻകുഴി, ഫാ. റിബിൻ കളപ്പുരയ്ക്കൽ, എടൂർ ഫൊറോനാ പ്രസിഡന്റ് മാത്തുക്കുട്ടി പന്തപ്ലാക്കൽ, സെക്രട്ടറി വിബിൻ തോമസ് , എടൂർ ഇടവക കോ-ഓർഡിനേറ്റർ സി.ജെ.ജോസഫ്, കമ്മറ്റിക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നുള്ള തീർഥാടനയാത്രയക്ക് മുന്നോടിയായി നടന്ന മരിയൻ സന്ധ്യയിലും യാത്രയിലും വിവിധ ഇടവകകളിലെ സന്യസ്തരും വിശ്വാസികളുമടക്കം നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. തീർഥാടന യാത്രയുടെ ഭാഗമായി വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന എന്നിവയും നടന്നു. തിരുക്കർമങ്ങൾക്ക് തലശേരി അതിരൂപത ചാൻസലർ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിച്ചു.
ഫൊറോന വികാരി ഫാ.ആന്റണി പുന്നൂര്, ഫാ.മാണി മേൽവട്ടം, ഫാ.തോമസ് ആമക്കാട്ട്, ഫാ.സേവ്യർ പുത്തൻപുര, ഫാ. തോമസ് ചക്കിട്ടമുറിയിൽ, ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ.തോമസ് വട്ടംകാട്ടേൽ, ഫാ.ജോസഫ് കുളത്തറ, ഫാ.എബിൻ മുള്ളൻകുഴിയിൽ, ഫാ. വിപൻ ആനചാരിയിൽ, ഫാ ജോർജ് വെള്ളരിങ്ങാട്ട്, ഫാ. നിധിൻ തകിടിയേൽ, ഫാ .അമൽ വള്ളിയിൽ, ഫാ. വിനോദ് മണ്ണാപറമ്പിൽ, ഫാ. റോബിൻ പരിയാനിയ്ക്കൽ എന്നീ വൈദികർ നേതൃത്വം നൽകി.രാത്രി എട്ടോടെയാണ് യാത്ര ആരംഭിച്ചത്.
മരിയൻ തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ വൈകുന്നേരം 5.30 ഓടുകൂടി വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ എത്തിച്ചേർന്നു. അതിരൂപത പ്രൊക്കുറേറ്റർ റവ.ഡോ. ജോസഫ് കാക്കരമറ്റത്തിലിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയർപ്പിച്ചു. മരിയൻ സന്ധ്യയ്ക്ക് ഫാ.സെബാസ്റ്റ്യൻ പുതുപ്പള്ളി കാർമികത്വം വഹിച്ചു. രാത്രി 8.30ന് അത്താഴ ത്തിനുശേഷം വിശ്വാസികൾ ആലക്കോട് നിന്ന് എത്തിയ തീർഥാടക സംഘത്തിനൊപ്പം അണിചേർന്നു.ആലക്കോട് നിന്ന് എത്തിയ മുഴുവൻ വിശ്വാസികൾക്കും കാപ്പി ഉൾപ്പെടെ ഒരുക്കിയിരുന്നു.